
ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകനും സുഹൃത്തുക്കൾക്കുമെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം ഇനി എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന്. കുട്ടനാട് എക്സെസ് റേഞ്ചിലെ ഉദ്യോഗസ്ഥർക്കായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. എന്നാൽ, കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണ ചുമതല എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിന് കൈമാറിയിരിക്കുന്നത്.
ഡിസംബർ 28നാണ് യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഉൾപ്പെടെ ഒമ്പത് പേരെ തകഴിയിൽനിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനുമായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികളുമില്ല. മകൻ കേസിലുൾപ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎൽഎ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എൽ.എ സാമൂഹികമാധ്യമങ്ങളിൽ മാധ്യമങ്ങൾക്കെതിരെ കുറിപ്പ് പങ്കുവെച്ചത്. എം.എൽ.എയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, കേസ് രജിസ്റ്റർ ചെയ്ത കുട്ടനാട് റേഞ്ചിലെ ഉദ്യോഗസ്ഥർക്കെതിരേ തത്ക്കാലം നടപടിയുണ്ടാകില്ല.











